ചേര്‍ത്തല: പഠനത്തോടൊപ്പം കൃഷിയിലും മികച്ച നേട്ടം കൈവരിച്ച കെ.എ. ആദിത്യന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷക വിദ്യാര്‍ഥിക്കുള്ള പുരസ്കാരം. ചേർത്തല തെക്ക് പഞ്ചായത്ത് 16-ാം വാർഡ് കറുകയിൽ അജയന്റെയും സജിതയുടെയും ഏക മകനാണ് ആദിത്യന്. ചേർത്തല തെക്ക് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ഈ കുട്ടികര്ഷകന്.
ചെറുപ്പം മുതൽതന്നെ മാതാപിതാക്കളുടെ കൂടെ കൃഷിയിൽ സഹായിയായ ആദിത്യൻ പിന്നീട് തനിയെ കൃഷി ചെയ്തുതുടങ്ങി. രാവിലെയും വൈകുന്നേരവും പഠനത്തിനു ശേഷം കൃഷിപരിപാലനമാണ് പ്രധാനജോലി. വീട്ടുവളപ്പില്‍ ആദിത്യന് സ്വന്തം നിലയില്‍ വിവിധയിനം പച്ചക്കറികള്‍ കൃഷി ചെയ്യുന്നുണ്ട്. 44 സെന്റ് സ്ഥലത്ത് നെല്‍കൃഷിയും നെല്‍പ്പാടത്ത് സീസണില്‍ കപ്പലണ്ടിയും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. നെല്ല് മുതൽ ചീര വരേയും പശു മുതൽ കോഴിയും താറാവും വരെയും വീട്ടുവളപ്പിൽ പരിപാലിച്ചാണ് സംസ്ഥാന അവാർഡ് സ്വന്തമാക്കിയത്. അലങ്കാര മത്സ്യകൃഷിയും വീട്ടിലുണ്ട്.
അമ്മ സജിതയുടെ പ്രേരണയിലാണ് കൃഷി നടത്തുന്നത്. കൃഷിയിലൂടെ ലഭിക്കുന്ന ഉത്ന്നപങ്ങള് തന്റെ സ്കൂളിലും പൊതുവിപണിയിലും വിറ്റഴിക്കാൻ ആദിത്യന് സമയം കണ്ടെത്തുന്നുണ്ട്. കൃഷിരീതിയിലെ സംശയങ്ങൾക്ക് കൃഷി ഉദ്യോഗസ്ഥരുടെ സഹായവും പ്രോത്സാഹനവും തേടാറുണ്ട്. സ്കൂളില്‍നിന്നു കുട്ടികര്‍ഷകനുള്ള എസ്പിസി അംഗീകാരം രണ്ടുതവണയും മുൻ ജില്ലാ കളക്ടര്‍ കൃഷ്ണ തേജയുടെ അനുമോദനവും ലഭിച്ചിട്ടുണ്ട്.
എറണാകുളം കളമശേരി ആഷിസ് കണ്വന്ഷന് സെന്ററില്‍ 17നു നടക്കുന്ന സംസ്ഥാനതല കര്‍ഷകദിനാഘോഷത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് പുരസ്കാരം സമ്മാനിക്കും.